;

1 . അലിഫ്‌ ലാംറാ-വേദഗ്രന്ഥത്തിലെ അഥവാ ( കാര്യങ്ങള്‍ ) സ്പഷ്ടമാക്കുന്ന ഖുര്‍ആനിലെ വചനങ്ങളാകുന്നു അവ.

2 . തങ്ങള്‍ മുസ്ലിംകളായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ എന്ന്‌ ചിലപ്പോള്‍ സത്യനിഷേധികള്‍ കൊതിച്ച്‌ പോകും.

3 . നീ അവരെ വിട്ടേക്കുക. അവര്‍ തിന്നുകയും സുഖിക്കുകയും വ്യാമോഹത്തില്‍ വ്യാപൃതരാകുകയും ചെയ്തു കൊള്ളട്ടെ. ( പിന്നീട്‌ ) അവര്‍ മനസ്സിലാക്കിക്കൊള്ളും.

4 . ഒരു രാജ്യത്തെയും നാം നശിപ്പിച്ചിട്ടില്ല; നിര്‍ണിതമായ ഒരു അവധി അതിന്ന്‌ നല്‍കപ്പെട്ടിട്ടല്ലാതെ.

5 . യാതൊരു സമുദായവും അതിന്‍റെ അവധിയേക്കാള്‍ മുമ്പിലാവുകയില്ല. ( അവധി വിട്ട്‌ ) അവര്‍ പിന്നോട്ട്‌ പോകുകയുമില്ല.

6 . അവര്‍ ( അവിശ്വാസികള്‍ ) പറഞ്ഞു: ഹേ; ഉല്‍ബോധനം അവതരിപ്പിക്കപ്പെട്ടിട്ടുള്ള മനുഷ്യാ! തീര്‍ച്ചയായും നീ ഒരു ഭ്രാന്തന്‍ തന്നെ.

7 . നീ സത്യവാന്‍മാരില്‍ പെട്ടവനാണെങ്കില്‍ നീ ഞങ്ങളുടെ അടുക്കല്‍ മലക്കുകളെ കൊണ്ട്‌ വരാത്തതെന്ത്‌?

8 . എന്നാല്‍ ന്യായമായ കാരണത്താലല്ലാതെ നാം മലക്കുകളെ ഇറക്കുന്നതല്ല. അന്നേരം അവര്‍ക്ക്‌ ( സത്യനിഷേധികള്‍ക്ക്‌ ) സാവകാശം നല്‍കപ്പെടുന്നതുമല്ല.

9 . തീര്‍ച്ചയായും നാമാണ്‌ ആ ഉല്‍ബോധനം അവതരിപ്പിച്ചത്‌. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്‌.

10 . തീര്‍ച്ചയായും നിനക്ക്‌ മുമ്പ്‌ പൂര്‍വ്വികന്‍മാരിലെ പല കക്ഷികളിലേക്ക്‌ നാം ദൂതന്‍മാരെ അയച്ചിട്ടുണ്ട്‌.

11 . ഏതൊരു ദൂതന്‍ അവരുടെ അടുത്ത്‌ ചെല്ലുമ്പോഴും അവര്‍ അദ്ദേഹത്തെ പരിഹസിക്കാതിരുന്നിട്ടില്ല.

12 . അപ്രകാരം കുറ്റവാളികളുടെ ഹൃദയങ്ങളില്‍ അത്‌ ( പരിഹാസം ) നാം ചെലുത്തി വിടുന്നതാണ്‌.

13 . പൂര്‍വ്വികന്‍മാരില്‍ ( ദൈവത്തിന്‍റെ ) നടപടി നടന്ന്‌ കഴിഞ്ഞിട്ടും അവര്‍ ഇതില്‍ വിശ്വസിക്കുന്നില്ല.

14 . അവരുടെ മേല്‍ ആകാശത്ത്‌ നിന്ന്‌ നാം ഒരു കവാടം തുറന്നുകൊടുക്കുകയും, എന്നിട്ട്‌ അതിലൂടെ അവര്‍ കയറിപ്പോയിക്കൊണ്ടിരിക്കുകയും ചെയ്താല്‍ പോലും.

15 . അവര്‍ പറയും: ഞങ്ങളുടെ കണ്ണുകള്‍ക്ക്‌ മത്ത്‌ ബാധിച്ചത്‌ മാത്രമാണ്‌. അല്ല, ഞങ്ങള്‍ മാരണം ചെയ്യപ്പെട്ട ഒരു കൂട്ടം ആളുകളാണ്‌.

16 . ആകാശത്ത്‌ നാം നക്ഷത്രമണ്ഡലങ്ങള്‍ നിശ്ചയിക്കുകയും, നോക്കുന്നവര്‍ക്ക്‌ അവയെ നാം അലംകൃതമാക്കുകയും ചെയ്തിരിക്കുന്നു.

17 . ആട്ടിയകറ്റപ്പെട്ട എല്ലാ പിശാചുക്കളില്‍ നിന്നും അതിനെ നാം കാത്തുസൂക്ഷിക്കുകയും ചെയ്തിരിക്കുന്നു.

18 . എന്നാല്‍ കട്ടുകേള്‍ക്കാന്‍ ശ്രമിച്ചവനാകട്ടെ, പ്രത്യക്ഷമായ ഒരു തീജ്വാല അവനെ പിന്തുടരുന്നതാണ്‌.

19 . ഭൂമിയെ നാം വിശാലമാക്കുകയും അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ സ്ഥാപിക്കുകയും, അളവ്‌ നിര്‍ണയിക്കപ്പെട്ട എല്ലാ വസ്തുക്കളും അതില്‍ നാം മുളപ്പിക്കുകയും ചെയ്തിരിക്കുന്നു.

20 . നിങ്ങള്‍ക്കും, നിങ്ങള്‍ ആഹാരം നല്‍കിക്കൊണ്ടിരിക്കുന്നവരല്ലാത്തവര്‍ക്കും അതില്‍ നാം ഉപജീവനമാര്‍ഗങ്ങള്‍ ഏര്‍പെടുത്തുകയും ചെയ്തിരിക്കുന്നു.

21 . യാതൊരു വസ്തുവും നമ്മുടെ പക്കല്‍ അതിന്‍റെ ഖജനാവുകള്‍ ഉള്ളതായിട്ടല്ലാതെയില്ല. ( എന്നാല്‍ ) ഒരു നിര്‍ണിതമായ തോതനുസരിച്ചല്ലാതെ നാമത്‌ ഇറക്കുന്നതല്ല.

22 . മേഘങ്ങളുല്‍പാദിപ്പിക്കുന്ന കാറ്റുകളെ നാം അയക്കുകയും, എന്നിട്ട്‌ ആകാശത്ത്‌ നിന്ന്‌ വെള്ളം ചൊരിഞ്ഞുതരികയും, എന്നിട്ട്‌ നിങ്ങള്‍ക്ക്‌ അത്‌ കുടിക്കുമാറാക്കുകയും ചെയ്തു. നിങ്ങള്‍ക്കത്‌ സംഭരിച്ച്‌ വെക്കാന്‍ കഴിയുമായിരുന്നില്ല.

23 . തീര്‍ച്ചയായും, നാം തന്നെയാണ്‌ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നത്‌. ( എല്ലാറ്റിന്‍റെയും ) അനന്തരാവകാശിയും നാം തന്നെയാണ്‌.

24 . തീര്‍ച്ചയായും നിങ്ങളില്‍ നിന്ന്‌ മുമ്പിലായവര്‍ ആരെന്ന്‌ നാം അറിഞ്ഞിട്ടുണ്ട്‌. പിന്നിലായവര്‍ ആരെന്നും നാം അറിഞ്ഞിട്ടുണ്ട്‌.

25 . തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ്‌ തന്നെ അവരെ ഒരുമിച്ചുകൂട്ടുന്നതുമാണ്‌. തീര്‍ച്ചയായും അവന്‍ യുക്തിമാനും സര്‍വ്വജ്ഞനുമത്രെ.

26 . കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ ( മുട്ടിയാല്‍ ) മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന്‌ നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു.

27 . അതിന്നു മുമ്പ്‌ ജിന്നിനെ അത്യുഷ്ണമുള്ള അഗ്നിജ്വാലയില്‍ നിന്നു നാം സൃഷ്ടിച്ചു.

28 . നിന്‍റെ രക്ഷിതാവ്‌ മലക്കുകളോട്‌ ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം ശ്രദ്ധേയമാകുന്നു: കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന്‌ ഞാന്‍ ഒരു മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുകയാണ്‌.

29 . അങ്ങനെ ഞാന്‍ അവനെ ശരിയായ രൂപത്തിലാക്കുകയും, എന്‍റെ ആത്മാവില്‍ നിന്ന്‌ അവനില്‍ ഞാന്‍ ഊതുകയും ചെയ്താല്‍, അപ്പോള്‍ അവന്ന്‌ പ്രണമിക്കുന്നവരായിക്കൊണ്ട്‌ നിങ്ങള്‍ വീഴുവിന്‍.

30 . അപ്പോള്‍ മലക്കുകള്‍ എല്ലാവരും പ്രണമിച്ചു.

31 . ഇബ്ലീസ്‌ ഒഴികെ. പ്രണമിക്കുന്നവരുടെ കൂട്ടത്തിലായിരിക്കാന്‍ അവന്‍ വിസമ്മതിച്ചു.

32 . അല്ലാഹു പറഞ്ഞു: ഇബ്ലീസേ, പ്രണമിക്കുന്നവരുടെ കൂട്ടത്തില്‍ ചേരാതിരിക്കുവാന്‍ നിനക്കെന്താണ്‌ ന്യായം?

33 . അവന്‍ പറഞ്ഞു : കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ ( മുട്ടിയാല്‍ ) മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന്‌ നീ സൃഷ്ടിച്ച മനുഷ്യന്‌ ഞാന്‍ പ്രണമിക്കേണ്ടവനല്ല.

34 . അവന്‍ പറഞ്ഞു: നീ ഇവിടെ നിന്ന്‌ പുറത്ത്‌ പോ. തീര്‍ച്ചയായും നീ ആട്ടിയകറ്റപ്പെട്ടവനാകുന്നു.

35 . തീര്‍ച്ചയായും ന്യായവിധിയുടെ നാള്‍ വരെയും നിന്‍റെ മേല്‍ ശാപമുണ്ടായിരിക്കുന്നതാണ്‌.

36 . അവന്‍ പറഞ്ഞു: എന്‍റെ രക്ഷിതാവേ, അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ എനിക്ക്‌ നീ അവധി നീട്ടിത്തരേണമേ.

37 . അല്ലാഹു പറഞ്ഞു: എന്നാല്‍ തീര്‍ച്ചയായും നീ അവധി നല്‍കപ്പെടുന്നവരുടെ കൂട്ടത്തില്‍ തന്നെയായിരിക്കും.

38 . ആ നിശ്ചിത സന്ദര്‍ഭം വന്നെത്തുന്ന ദിവസം വരെ.

39 . അവന്‍ പറഞ്ഞു: എന്‍റെ രക്ഷിതാവേ, നീ എന്നെ വഴികേടിലാക്കിയതിനാല്‍, ഭൂലോകത്ത്‌ അവര്‍ക്കു ഞാന്‍ ( ദുഷ്പ്രവൃത്തികള്‍ ) അലംകൃതമായി തോന്നിക്കുകയും, അവരെ മുഴുവന്‍ ഞാന്‍ വഴികേടിലാക്കുകയും ചെയ്യും; തീര്‍ച്ച.

40 . അവരുടെ കൂട്ടത്തില്‍ നിന്ന്‌ നിന്‍റെ നിഷ്കളങ്കരായ ദാസന്‍മാരൊഴികെ.

41 . അവന്‍ ( അല്ലാഹു ) പറഞ്ഞു: എന്നിലേക്ക്‌ നേര്‍ക്കുനേരെയുള്ള മാര്‍ഗമാകുന്നു ഇത്‌.

42 . തീര്‍ച്ചയായും എന്‍റെ ദാസന്‍മാരുടെ മേല്‍ നിനക്ക്‌ യാതൊരു ആധിപത്യവുമില്ല. നിന്നെ പിന്‍പറ്റിയ ദുര്‍മാര്‍ഗികളുടെ മേലല്ലാതെ.

43 . തീര്‍ച്ചയായും നരകം അവര്‍ക്കെല്ലാം നിശ്ചയിക്കപ്പെട്ട സ്ഥാനം തന്നെയാകുന്നു.

44 . അതിന്‌ ഏഴ്‌ കവാടങ്ങളുണ്ട്‌. ഓരോ വാതിലിലൂടെയും കടക്കുവാനായി വീതിക്കപ്പെട്ട ഓരോ വിഭാഗം അവരിലുണ്ട്‌.

45 . തീര്‍ച്ചയായും സൂക്ഷ്മത പാലിച്ചവര്‍ തോട്ടങ്ങളിലും അരുവികളിലുമായിരിക്കും.

46 . നിര്‍ഭയരായി ശാന്തിയോടെ അതില്‍ പ്രവേശിച്ച്‌ കൊള്ളുക. ( എന്ന്‌ അവര്‍ക്ക്‌ സ്വാഗതം ആശംസിക്കപ്പെടും. )

47 . അവരുടെ ഹൃദയങ്ങളില്‍ വല്ല വിദ്വേഷവുമുണ്ടെങ്കില്‍ നാമത്‌ നീക്കം ചെയ്യുന്നതാണ്‌. സഹോദരങ്ങളെന്ന നിലയില്‍ അവര്‍ കട്ടിലുകളില്‍ പരസ്പരം അഭിമുഖമായി ഇരിക്കുന്നവരായിരിക്കും.

48 . അവിടെവെച്ച്‌ യാതൊരു ക്ഷീണവും അവരെ ബാധിക്കുന്നതല്ല. അവിടെ നിന്ന്‌ അവര്‍ പുറത്താക്കപ്പെടുന്നതുമല്ല.

49 . ( നബിയേ, ) ഞാന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌ എന്ന്‌ എന്‍റെ ദാസന്‍മാരെ വിവരമറിയിക്കുക.

50 . എന്‍റെ ശിക്ഷ തന്നെയാണ്‌ വേദനയേറിയ ശിക്ഷ എന്നും ( വിവരമറിയിക്കുക. )

51 . ഇബ്രാഹീമിന്‍റെ ( അടുത്ത്‌ വന്ന ) അതിഥികളെപ്പറ്റി നീ അവരെ വിവരമറിയിക്കുക.

52 . അദ്ദേഹത്തിന്‍റെ അടുത്ത്‌ കടന്ന്‌ വന്ന്‌ അവര്‍ സലാം എന്ന്‌ പറഞ്ഞ സന്ദര്‍ഭം. അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെപ്പറ്റി ഭയമുള്ളവരാകുന്നു.

53 . അവര്‍ പറഞ്ഞു: താങ്കള്‍ ഭയപ്പെടേണ്ട. ജ്ഞാനിയായ ഒരു ആണ്‍കുട്ടിയെപ്പറ്റി ഞങ്ങളിതാ താങ്കള്‍ക്കു സന്തോഷവാര്‍ത്ത അറിയിക്കുന്നു.

54 . അദ്ദേഹം പറഞ്ഞു: എനിക്ക്‌ വാര്‍ദ്ധക്യം ബാധിച്ചു കഴിഞ്ഞിട്ടാണോ എനിക്ക്‌ നിങ്ങള്‍ ( സന്താനത്തെപറ്റി ) സന്തോഷവാര്‍ത്ത അറിയിക്കുന്നത്‌? അപ്പോള്‍ എന്തൊന്നിനെപ്പറ്റിയാണ്‌ നിങ്ങളീ സന്തോഷവാര്‍ത്ത അറിയിക്കുന്നത്‌?

55 . അവര്‍ പറഞ്ഞു: ഞങ്ങള്‍ താങ്കള്‍ക്ക്‌ സന്തോഷവാര്‍ത്ത നല്‍കിയിട്ടുള്ളത്‌ ഒരു യാഥാര്‍ത്ഥ്യത്തെപറ്റിതന്നെയാണ്‌. അതിനാല്‍ താങ്കള്‍ നിരാശരുടെ കൂട്ടത്തിലായിരിക്കരുത്‌.

56 . അദ്ദേഹം ( ഇബ്രാഹീം ) പറഞ്ഞു: തന്‍റെ രക്ഷിതാവിന്‍റെ കാരുണ്യത്തെപ്പറ്റി ആരാണ്‌ നിരാശപ്പെടുക? വഴിപിഴച്ചവരല്ലാതെ.

57 . അദ്ദേഹം ( ഇബ്രാഹീം ) പറഞ്ഞു: ഹേ; ദൂതന്‍മാരേ, എന്നാല്‍ നിങ്ങളുടെ ( മുഖ്യ ) വിഷയമെന്താണ്‌?

58 . അവര്‍ പറഞ്ഞു: ഞങ്ങള്‍ കുറ്റവാളികളായ ഒരു ജനതയിലേക്ക്‌ അയക്കപ്പെട്ടിരിക്കുകയാണ്‌.

59 . ( എന്നാല്‍ ) ലൂത്വിന്‍റെ കുടുംബം അതില്‍ നിന്നൊഴിവാണ്‌. തീര്‍ച്ചയായും അവരെ മുഴുവന്‍ ഞങ്ങള്‍ രക്ഷപ്പെടുത്തുന്നതാണ്‌.

60 . അദ്ദേഹത്തിന്‍റെ ഭാര്യ ഒഴികെ. തീര്‍ച്ചയായും അവള്‍ ശിക്ഷയില്‍ അകപ്പെടുന്നവരുടെ കൂട്ടത്തിലാണെന്ന്‌ ഞങ്ങള്‍ കണക്കാക്കിയിരിക്കുന്നു.

61 . അങ്ങനെ ലൂത്വിന്‍റെ കുടുംബത്തില്‍ ആ ദൂതന്‍മാര്‍ വന്നെത്തിയപ്പോള്‍.

62 . അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും നിങ്ങള്‍ അപരിചിതരായ ആളുകളാണല്ലോ.

63 . അവര്‍ ( ആ ദൂതന്‍മാരായ മലക്കുകള്‍ ) പറഞ്ഞു: അല്ല, ഏതൊരു ( ശിക്ഷയുടെ ) കാര്യത്തില്‍ അവര്‍ ( ജനങ്ങള്‍ ) സംശയിച്ചിരുന്നുവോ അതും കൊണ്ടാണ്‌ ഞങ്ങള്‍ താങ്കളുടെ അടുത്ത്‌ വന്നിരിക്കുന്നത്‌.

64 . യാഥാര്‍ത്ഥ്യവും കൊണ്ടാണ്‌ ഞങ്ങള്‍ താങ്കളുടെ അടുത്ത്‌ വന്നിരിക്കുന്നത്‌. തീര്‍ച്ചയായും ഞങ്ങള്‍ സത്യം പറയുന്നവരാകുന്നു.

65 . അതിനാല്‍ താങ്കളുടെ കുടുംബത്തെയും കൊണ്ട്‌ രാത്രിയില്‍ അല്‍പസമയം ബാക്കിയുള്ളപ്പോള്‍ യാത്രചെയ്ത്‌ കൊള്ളുക. താങ്കള്‍ അവരുടെ പിന്നാലെ അനുഗമിക്കുകയും ചെയ്യുക. നിങ്ങളില്‍ ഒരാളും തിരിഞ്ഞ്‌ നോക്കരുത്‌. നിങ്ങള്‍ കല്‍പിക്കപ്പെടുന്ന ഭാഗത്തേക്ക്‌ നടന്ന്‌ പോയിക്കൊള്ളുക.

66 . ആ കാര്യം, അതായത്‌ പ്രഭാതമാകുന്നതോടെ ഇക്കൂട്ടരുടെ മുരടുതന്നെ മുറിച്ചുനീക്കപ്പെടുന്നതാണ്‌ എന്ന കാര്യം നാം അദ്ദേഹത്തിന്‌ ( ലൂത്വ്‌ നബിക്ക്‌ ) ഖണ്ഡിതമായി അറിയിച്ച്‌ കൊടുത്തു.

67 . രാജ്യക്കാര്‍ സന്തോഷം പ്രകടിപ്പിച്ചു കൊണ്ട്‌ വന്നു.

68 . അദ്ദേഹം ( ലൂത്വ്‌ ) പറഞ്ഞു: തീര്‍ച്ചയായും ഇവര്‍ എന്‍റെ അതിഥികളാണ്‌. അതിനാല്‍ നിങ്ങളെന്നെ വഷളാക്കരുത്‌.

69 . നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അപമാനിക്കാതിരിക്കുകയും ചെയ്യുക.

70 . അവര്‍ പറഞ്ഞു: ലോകരുടെ കാര്യത്തില്‍ ( ഇടപെടുന്നതില്‍ ) നിന്നു നിന്നെ ഞങ്ങള്‍ വിലക്കിയിട്ടില്ലേ?

71 . അദ്ദേഹം പറഞ്ഞു: ഇതാ എന്‍റെ പെണ്‍മക്കള്‍. ( അവരെ നിങ്ങള്‍ക്ക്‌ വിവാഹം കഴിക്കാം. ) നിങ്ങള്‍ക്ക്‌ ചെയ്യാം എന്നുണ്ടെങ്കില്‍

72 . നിന്‍റെ ജീവിതം തന്നെയാണ സത്യം തീര്‍ച്ചയായും അവര്‍ അവരുടെ ലഹരിയില്‍ വിഹരിക്കുകയായിരുന്നു.

73 . അങ്ങനെ സൂര്യോദയത്തോടെ ആ ഘോരശബ്ദം അവരെ പിടികൂടി.

74 . അങ്ങനെ ആ രാജ്യത്തെ നാം തലകീഴായി മറിക്കുകയും, ചുട്ടുപഴുത്ത ഇഷ്ടികക്കല്ലുകള്‍ അവരുടെ മേല്‍ നാം വര്‍ഷിക്കുകയും ചെയ്തു.

75 . നിരീക്ഷിച്ച്‌ മനസ്സിലാക്കുന്നവര്‍ക്ക്‌ തീര്‍ച്ചയായും അതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌.

76 . തീര്‍ച്ചയായും അത്‌ ( ആ രാജ്യം ) ( ഇന്നും ) നിലനിന്ന്‌ വരുന്ന ഒരു പാതയിലാണ്‌ സ്ഥിതി ചെയ്യുന്നത്‌.

77 . തീര്‍ച്ചയായും അതില്‍ വിശ്വാസികള്‍ക്ക്‌ ഒരു ദൃഷ്ടാന്തമുണ്ട്‌.

78 . തീര്‍ച്ചയായും മരക്കൂട്ടത്തില്‍ താമസിച്ചിരുന്ന ജനവിഭാഗം അക്രമികളായിരുന്നു.

79 . അതിനാല്‍ നാം അവരുടെ നേരെ ശിക്ഷാനടപടി സ്വീകരിച്ചു. തീര്‍ച്ചയായും ഈ രണ്ട്‌ പ്രദേശവും തുറന്ന പാതയില്‍ തന്നെയാണ്‌ സ്ഥിതിചെയ്യുന്നത്‌.

80 . തീര്‍ച്ചയായും ഹിജ്‌റിലെ നിവാസികള്‍ ദൈവദൂതന്‍മാരെ നിഷേധിച്ച്‌ കളയുകയുണ്ടായി.

81 . അവര്‍ക്ക്‌ നാം നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നല്‍കുകയും ചെയ്തു. എന്നിട്ട്‌ അവര്‍ അവയെ അവഗണിച്ച്‌ കളയുകയായിരുന്നു.

82 . അവര്‍ പര്‍വ്വതങ്ങളില്‍ നിന്ന്‌ ( പാറകള്‍ ) വെട്ടിത്തുരന്ന്‌ വീടുകളുണ്ടാക്കി നിര്‍ഭയരായി കഴിയുകയായിരുന്നു.

83 . അങ്ങനെയിരിക്കെ പ്രഭാതവേളയില്‍ ഒരു ഘോരശബ്ദം അവരെ പിടികൂടി.

84 . അപ്പോള്‍ അവര്‍ പ്രവര്‍ത്തിച്ചുണ്ടാക്കിയിരുന്നതൊന്നും അവര്‍ക്ക്‌ ഉപകരിച്ചില്ല.

85 . ആകാശങ്ങളും ഭൂമിയും അവ രണ്ടിനും ഇടയിലുള്ളതും യുക്തിപൂര്‍വ്വകമായല്ലാതെ നാം സൃഷ്ടിച്ചിട്ടില്ല. തീര്‍ച്ചയായും അന്ത്യസമയം വരുക തന്നെ ചെയ്യും. അതിനാല്‍ നീ ഭംഗിയായി മാപ്പ്‌ ചെയ്ത്‌ കൊടുക്കുക.

86 . തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ്‌ എല്ലാം സൃഷ്ടിക്കുന്നവനും എല്ലാം അറിയുന്നവനുമാകുന്നു.

87 . ആവര്‍ത്തിച്ചു പാരായണം ചെയ്യപ്പെടുന്ന ഏഴ്‌ വചനങ്ങളും മഹത്തായ ഖുര്‍ആനും തീര്‍ച്ചയായും നിനക്ക്‌ നാം നല്‍കിയിട്ടുണ്ട്‌.

88 . അവരില്‍ ( അവിശ്വാസികളില്‍ ) പെട്ട പല വിഭാഗക്കാര്‍ക്കും നാം സുഖഭോഗങ്ങള്‍ നല്‍കിയിട്ടുള്ളതിന്‍റെ നേര്‍ക്ക്‌ നീ നിന്‍റെ ദൃഷ്ടികള്‍ നീട്ടിപ്പോകരുത്‌. അവരെപ്പറ്റി നീ വ്യസനിക്കേണ്ട. സത്യവിശ്വാസികള്‍ക്ക്‌ നീ നിന്‍റെ ചിറക്‌ താഴ്ത്തികൊടുക്കുക.

89 . തീര്‍ച്ചയായും ഞാന്‍ വ്യക്തമായ ഒരു താക്കീതുകാരന്‍ തന്നെയാണ്‌ എന്ന്‌ പറയുകയും ചെയ്യുക.

90 . വിഭജനം നടത്തിക്കളഞ്ഞവരുടെ മേല്‍ നാം ഇറക്കിയത്‌ പോലെത്തന്നെ.

91 . അതായത്‌ ഖുര്‍ആനിനെ വ്യത്യസ്ത ഖണ്ഡങ്ങളാക്കി മാറ്റിയവരുടെ മേല്‍.

92 . എന്നാല്‍ നിന്‍റെ രക്ഷിതാവിനെത്തന്നെയാണ, അവരെ മുഴുവന്‍ നാം ചോദ്യം ചെയ്യുക തന്നെ ചെയ്യും.

93 . അവര്‍ പ്രവര്‍ത്തിച്ച്‌ കൊണ്ടിരുന്നതിനെ സംബന്ധിച്ച്‌.

94 . അതിനാല്‍ നീ കല്‍പിക്കപ്പെടുന്നതെന്തോ അത്‌ ഉറക്കെ പ്രഖ്യാപിച്ച്‌ കൊള്ളുക. ബഹുദൈവവാദികളില്‍ നിന്ന്‌ തിരിഞ്ഞുകളയുകയും ചെയ്യുക.

95 . പരിഹാസക്കാരില്‍ നിന്ന്‌ നിന്നെ സംരക്ഷിക്കാന്‍ തീര്‍ച്ചയായും നാം മതിയായിരിക്കുന്നു.

96 . അതായത്‌ അല്ലാഹുവോടൊപ്പം മറ്റുദൈവത്തെ സ്ഥാപിക്കുന്നവര്‍ ( പിന്നീട്‌ ) അവര്‍ അറിഞ്ഞ്‌ കൊള്ളും.

97 . അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്‌ നിമിത്തം നിനക്ക്‌ മനഃപ്രയാസം അനുഭവപ്പെടുന്നുണ്ട്‌ എന്ന്‌ തീര്‍ച്ചയായും നാം അറിയുന്നുണ്ട്‌.

98 . ആകയാല്‍ നിന്‍റെ രക്ഷിതാവിനെ സ്തുതിച്ച്‌ കൊണ്ട്‌ നീ സ്തോത്രകീര്‍ത്തനം നടത്തുകയും, നീ സുജൂദ്‌ ചെയ്യുന്നവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യുക.

99 . ഉറപ്പായ കാര്യം ( മരണം ) നിനക്ക്‌ വന്നെത്തുന്നത്‌ വരെ നീ നിന്‍റെ രക്ഷിതാവിനെ ആരാധിക്കുകയും ചെയ്യുക.