;

1 . ഖാഫ്‌. മഹത്വമേറിയ ഖുര്‍ആന്‍ തന്നെയാണ, സത്യം.

2 . എന്നാല്‍ അവരില്‍ നിന്നു തന്നെയുള്ള ഒരു താക്കീതുകാരന്‍ അവരുടെ അടുത്ത്‌ വന്നതിനാല്‍ അവര്‍ ആശ്ചര്യപ്പെട്ടു. എന്നിട്ട്‌ സത്യനിഷേധികള്‍ പറഞ്ഞു: ഇത്‌ അത്ഭുതകരമായ കാര്യമാകുന്നു.

3 . നാം മരിച്ച്‌ മണ്ണായിക്കഴിഞ്ഞിട്ടോ ( ഒരു പുനര്‍ ജന്‍മം? ) അത്‌ വിദൂരമായ ഒരു മടക്കമാകുന്നു.

4 . അവരില്‍ നിന്ന്‌ ഭൂമി ചുരുക്കികൊണ്ടിരിക്കുന്നത്‌ നാം അറിഞ്ഞിട്ടുണ്ട്‌; തീര്‍ച്ച നമ്മുടെ അടുക്കല്‍ (വിവരങ്ങള്‍) സൂക്ഷ്മമായി രേഖപ്പെടുത്തിയ ഒരു ഗ്രന്ഥവുമുണ്ട്‌.

5 . എന്നാല്‍ സത്യം അവര്‍ക്കു വന്നെത്തിയപ്പോള്‍ അവര്‍ അത്‌ നിഷേധിച്ചു കളഞ്ഞു. അങ്ങനെ അവര്‍ ഇളകികൊണ്ടിരിക്കുന്ന (അനിശ്ചിതമായ) ഒരു നിലപാടിലാകുന്നു.

6 . അവര്‍ക്കു മുകളിലുള്ള ആകാശത്തേക്ക്‌ അവര്‍ നോക്കിയിട്ടില്ലേ; എങ്ങനെയാണ്‌ നാം അതിനെ നിര്‍മിക്കുകയും അലങ്കരിക്കുകയും ചെയ്തിട്ടുള്ളതെന്ന്‌? അതിന്‌ വിടവുകളൊന്നുമില്ല.

7 . ഭൂമിയാകട്ടെ നാം അതിനെ വികസിപ്പിക്കുകയും, അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ നാം സ്ഥാപിക്കുകയും കൌതുകമുള്ള എല്ലാ സസ്യവര്‍ഗങ്ങളും നാം അതില്‍ മുളപ്പിക്കുകയും ചെയ്തിരിക്കുന്നു.

8 . ( സത്യത്തിലേക്ക്‌ ) മടങ്ങുന്ന ഏതൊരു ദാസന്നും കണ്ടുമനസ്സിലാക്കുവാനും അനുസ്മരിക്കുവാനും വേണ്ടി.

9 . ആകാശത്തുനിന്ന്‌ നാം അനുഗൃഹീതമായ വെള്ളം വര്‍ഷിക്കുകയും, എന്നിട്ട്‌ അതു മൂലം പല തരം തോട്ടങ്ങളും കൊയ്തെടുക്കുന്ന ധാന്യങ്ങളും നാം മുളപ്പിക്കുകയും ചെയ്തു.

10 . അടുക്കടുക്കായി കുലകളുള്ള ഉയരമുള്ള ഈന്തപ്പനകളും.

11 . ( നമ്മുടെ ) ദാസന്‍മാര്‍ക്ക്‌ ഉപജീവനമായിട്ടുള്ളതത്രെ അവ. നിര്‍ജീവമായ നാടിനെ അത്‌ മൂലം ജീവനുള്ളതാക്കുകയും ചെയ്തു. അപ്രകാരം തന്നെയാകുന്നു ( ഖബ്‌റുകളില്‍ നിന്നുള്ള ) പുറപ്പാട്‌.

12 . ഇവരുടെ മുമ്പ്‌ നൂഹിന്‍റെ ജനതയും റസ്സുകാരും, ഥമൂദ്‌ സമുദായവും സത്യം നിഷേധിക്കുകയുണ്ടായി.

13 . ആദ്‌ സമുദായവും, ഫിര്‍ഔനും, ലൂത്വിന്‍റെ സഹോദരങ്ങളും,

14 . മരക്കൂട്ടങ്ങള്‍ക്കിടയില്‍ വസിച്ചിരുന്നവരും, തുബ്ബഇന്‍റെ ജനതയും. ഇവരെല്ലാം ദൈവദൂതന്‍മാരെ നിഷേധിച്ചു തള്ളി. അപ്പോള്‍( അവരില്‍ ) എന്‍റെ താക്കീത്‌ സത്യമായി പുലര്‍ന്നു.

15 . അപ്പോള്‍ ആദ്യതവണ സൃഷ്ടിച്ചതു കൊണ്ട്‌ നാം ക്ഷീണിച്ച്‌ പോയോ? അല്ല, അവര്‍ പുതിയൊരു സൃഷ്ടിപ്പിനെപ്പറ്റി സംശയത്തിലാകുന്നു.

16 . തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു. അവന്‍റെ മനസ്സ്‌ മന്ത്രിച്ചു കൊണ്ടിരിക്കുന്നത്‌ നാം അറിയുകയും ചെയ്യുന്നു. നാം ( അവന്‍റെ ) കണ്ഠനാഡി യെക്കാള്‍ അവനോട്‌ അടുത്തവനും ആകുന്നു.

17 . വലതുഭാഗത്തും ഇടതുഭാഗത്തും ഇരുന്നു കൊണ്ട്‌ ഏറ്റുവാങ്ങുന്ന രണ്ടുപേര്‍ ഏറ്റുവാങ്ങുന്ന സന്ദര്‍ഭം.

18 . അവന്‍ ഏതൊരു വാക്ക്‌ ഉച്ചരിക്കുമ്പോഴും അവന്‍റെ അടുത്ത്‌ തയ്യാറായി നില്‍ക്കുന്ന നിരീക്ഷകന്‍ ഉണ്ടാവാതിരിക്കുകയില്ല.

19 . മരണവെപ്രാളം യാഥാര്‍ത്ഥ്യവും കൊണ്ട്‌ വരുന്നതാണ്‌. എന്തൊന്നില്‍ നിന്ന്‌ നീ ഒഴിഞ്ഞ്‌ മാറികൊണ്ടിരിക്കുന്നുവോ അതത്രെ ഇത്‌.

20 . കാഹളത്തില്‍ ഊതപ്പെടുകയും ചെയ്യും. അതാകുന്നു താക്കീതിന്‍റെ ദിവസം.

21 . കൂടെ ഒരു ആനയിക്കുന്നവനും ഒരു സാക്ഷിയുമുള്ള നിലയിലായിരിക്കും ഏതൊരാളും ( അന്ന്‌ ) വരുന്നത്‌.

22 . ( അന്ന്‌ സത്യനിഷേധിയോടു പറയപ്പെടും: ) തീര്‍ച്ചയായും നീ ഇതിനെപ്പറ്റി അശ്രദ്ധയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ നിന്നില്‍ നിന്ന്‌ നിന്‍റെ ആ മൂടി നാം നീക്കം ചെയ്തിരിക്കുന്നു. അങ്ങനെ നിന്‍റെ ദൃഷ്ടി ഇന്ന്‌ മൂര്‍ച്ചയുള്ളതാകുന്നു.

23 . അവന്‍റെ സഹചാരി ( മലക്ക്‌ ) പറയും: ഇതാകുന്നു എന്‍റെ പക്കല്‍ തയ്യാറുള്ളത്‌ ( രേഖ )

24 . ( അല്ലാഹു മലക്കുകളോട്‌ കല്‍പിക്കും: ) സത്യനിഷേധിയും ധിക്കാരിയുമായിട്ടുള്ള ഏതൊരുത്തനെയും നിങ്ങള്‍ നരകത്തില്‍ ഇട്ടേക്കുക.

25 . അതായത്‌ നന്‍മയെ മുടക്കുന്നവനും അതിക്രമകാരിയും സംശയാലുവുമായ ഏതൊരുത്തനെയും.

26 . അതെ, അല്ലാഹുവോടൊപ്പം വേറെ ദൈവത്തെ സ്ഥാപിച്ച ഏതൊരുവനെയും. അതിനാല്‍ കഠിനമായ ശിക്ഷയില്‍ അവനെ നിങ്ങള്‍ ഇട്ടേക്കുക.

27 . അവന്‍റെ കൂട്ടാളിപറയും: ഞങ്ങളുടെ രക്ഷിതാവേ! ഞാനവനെ വഴിതെറ്റിച്ചിട്ടില്ല. പക്ഷെ, അവന്‍ വിദൂരമായ ദുര്‍മാര്‍ഗത്തിലായിരുന്നു.

28 . അവന്‍ ( അല്ലാഹു ) പറയും: നിങ്ങള്‍ എന്‍റെ അടുക്കല്‍ തര്‍ക്കിക്കേണ്ട. മുമ്പേ ഞാന്‍ നിങ്ങള്‍ക്ക്‌ താക്കീത്‌ നല്‍കിയിട്ടുണ്ട്‌.

29 . എന്‍റെ അടുക്കല്‍ വാക്ക്‌ മാറ്റപ്പെടുകയില്ല. ഞാന്‍ ദാസന്‍മാരോട്‌ ഒട്ടും അനീതി കാണിക്കുന്നവനുമല്ല.

30 . നീ നിറഞ്ഞ്‌ കഴിഞ്ഞോ എന്ന്‌ നാം നരകത്തോട്‌ പറയുകയും, കൂടുതല്‍ എന്തെങ്കിലുമുണ്ടോ എന്ന്‌ അത്‌ ( നരകം ) പറയുകയും ചെയ്യുന്ന ദിവസത്തിലത്രെ അത്‌.

31 . സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്‌ അകലെയല്ലാത്ത വിധത്തില്‍ സ്വര്‍ഗം അടുത്തു കൊണ്ടു വരപ്പെടുന്നതാണ്‌.

32 . ( അവരോട്‌ പറയപ്പെടും: ) അല്ലാഹുവിങ്കലേക്ക്‌ ഏറ്റവും അധികം മടങ്ങുന്നവനും, ( ജീവിതം ) കാത്തുസൂക്ഷിക്കുന്നവനും ആയ ഏതൊരാള്‍ക്കും നല്‍കാമെന്ന്‌ നിങ്ങളോട്‌ വാഗ്ദാനം ചെയ്യപ്പെട്ടിരുന്നതാകുന്നു ഇത്‌.

33 . അതായത്‌ അദൃശ്യമായ നിലയില്‍ പരമകാരുണികനെ ഭയപ്പെടുകയും താഴ്മയുള്ള ഹൃദയത്തോട്‌ കൂടി വരുകയും ചെയ്തവന്ന്‌.

34 . ( അവരോട്‌ പറയപ്പെടും: ) സമാധാനപൂര്‍വ്വം നിങ്ങളതില്‍ പ്രവേശിച്ച്‌ കൊള്ളുക. ശാശ്വതവാസത്തിനുള്ള ദിവസമാകുന്നു അത്‌.

35 . അവര്‍ക്കവിടെ ഉദ്ദേശിക്കുന്നതെന്തും ഉണ്ടായിരിക്കും. നമ്മുടെ പക്കലാകട്ടെ കൂടുതലായി പലതുമുണ്ട്‌.

36 . ഇവര്‍ക്കു മുമ്പ്‌ എത്ര തലമുറകളെ നാം നശിപ്പിച്ചിട്ടുണ്ട്‌! അവര്‍ ഇവരെക്കാള്‍ കടുത്ത കൈയ്യൂക്കുള്ളവരായിരുന്നു. എന്നിട്ടവര്‍ നാടുകളിലാകെ ചികഞ്ഞു നോക്കി; രക്ഷപ്രാപിക്കാന്‍ വല്ല ഇടവുമുണ്ടോ എന്ന്‌.

37 . ഹൃദയമുള്ളവനായിരിക്കുകയോ, മനസ്സാന്നിധ്യത്തോടെ ചെവികൊടുത്ത്‌ കേള്‍ക്കുകയോ ചെയ്തവന്ന്‌ തീര്‍ച്ചയായും അതില്‍ ഒരു ഉല്‍ബോധനമുണ്ട്‌.

38 . ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും നാം ആറു ദിവസങ്ങളില്‍ സൃഷ്ടിച്ചിരിക്കുന്നു. യാതൊരു ക്ഷീണവും നമ്മെ ബാധിച്ചിട്ടുമില്ല.

39 . അതിനാല്‍ അവര്‍ പറയുന്നതിന്‍റെ പേരില്‍ നീ ക്ഷമിച്ചു കൊള്ളുക. സൂര്യോദയത്തിനു മുമ്പും അസ്തമനത്തിനുമുമ്പും നിന്‍റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം ( അവനെ ) പ്രകീര്‍ത്തിക്കുകയും ചെയ്യുക.

40 . രാത്രിയില്‍ നിന്ന്‌ കുറച്ചു സമയവും അവനെ പ്രകീര്‍ത്തിക്കുക. സാഷ്ടാംഗ നമസ്കാരത്തിനു ശേഷമുള്ള സമയങ്ങളിലും.

41 . അടുത്ത ഒരു സ്ഥലത്ത്‌ നിന്ന്‌ വിളിച്ചുപറയുന്നവന്‍ വിളിച്ചുപറയുന്ന ദിവസത്തെപ്പറ്റി ശ്രദ്ധിച്ചു കേള്‍ക്കുക.

42 . അതായത്‌ ആ ഘോരശബ്ദം യഥാര്‍ത്ഥമായും അവര്‍ കേള്‍ക്കുന്ന ദിവസം. അതത്രെ ( ഖബ്‌റുകളില്‍ നിന്നുള്ള ) പുറപ്പാടിന്‍റെ ദിവസം.

43 . തീര്‍ച്ചയായും നാം ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. നമ്മുടെ അടുത്തേക്ക്‌ തന്നെയാണ്‌ തിരിച്ചെത്തലും.

44 . അവരെ വിട്ടു ഭൂമി പിളര്‍ന്ന്‌ മാറിയിട്ട്‌ അവര്‍ അതിവേഗം വരുന്ന ദിവസം! അത്‌ നമ്മെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ള ഒരു ഒരുമിച്ചുകൂട്ടലാകുന്നു.

45 . അവര്‍ പറഞ്ഞ്‌ കൊണ്ടിരിക്കുന്നതിനെ പറ്റി നാം നല്ലവണ്ണം അറിയുന്നവനാകുന്നു. നീ അവരുടെ മേല്‍ സ്വേച്ഛാധികാരം ചെലുത്തേണ്ടവനല്ല. അതിനാല്‍ എന്‍റെ താക്കീത്‌ ഭയപ്പെടുന്നവരെ ഖുര്‍ആന്‍ മുഖേന നീ ഉല്‍ബോധിപ്പിക്കുക.