;

1 . ആ യഥാര്‍ത്ഥ സംഭവം!

2 . എന്താണ്‌ ആ യഥാര്‍ത്ഥ സംഭവം?

3 . ആ യഥാര്‍ത്ഥ സംഭവം എന്താണെന്ന്‌ നിനക്കെന്തറിയാം?

4 . ഥമൂദ്‌ സമുദായവും ആദ്‌ സമുദായവും ആ ഭയങ്കര സംഭവത്തെ നിഷേധിച്ചു കളഞ്ഞു.

5 . എന്നാല്‍ ഥമൂദ്‌ സമുദായം അത്യന്തം ഭീകരമായ ഒരു ശിക്ഷ കൊണ്ട്‌ നശിപ്പിക്കപ്പെട്ടു.

6 . എന്നാല്‍ ആദ്‌ സമുദായം, ആഞ്ഞു വീശുന്ന അത്യുഗ്രമായ കാറ്റ്‌ കൊണ്ട്‌ നശിപ്പിക്കപ്പെട്ടു.

7 . തുടര്‍ച്ചയായ ഏഴു രാത്രിയും എട്ടു പകലും അത്‌ ( കാറ്റ്‌ ) അവരുടെ നേര്‍ക്ക്‌ അവന്‍ തിരിച്ചുവിട്ടു. അപ്പോള്‍ കടപുഴകി വീണ ഈന്തപ്പനത്തടികള്‍ പോലെ ആ കാറ്റില്‍ ജനങ്ങള്‍ വീണുകിടക്കുന്നതായി നിനക്ക്‌ കാണാം.

8 . ഇനി അവരുടെതായി അവശേഷിക്കുന്ന വല്ലതും നീ കാണുന്നുണ്ടോ?

9 . ഫിര്‍ഔനും, അവന്‍റെ മുമ്പുള്ളവരും കീഴ്മേല്‍ മറിഞ്ഞ രാജ്യങ്ങളും (തെറ്റായ പ്രവര്‍ത്തനം കൊണ്ടു വന്നു.

10 . അവര്‍ അവരുടെ രക്ഷിതാവിന്‍റെ ദൂതനെ ധിക്കരിക്കുകയും, അപ്പോള്‍ അവന്‍ അവരെ ശക്തിയേറിയ ഒരു പിടുത്തം പിടിക്കുകയും ചെയ്തു.

11 . തീര്‍ച്ചയായും നാം, വെള്ളം അതിരുകവിഞ്ഞ സമയത്ത്‌ നിങ്ങളെ കപ്പലില്‍ കയറ്റി രക്ഷിക്കുകയുണ്ടായി.

12 . നിങ്ങള്‍ക്ക്‌ നാം അതൊരു സ്മരണയാക്കുവാനും ശ്രദ്ധിച്ചു മനസ്സിലാക്കുന്ന കാതുകള്‍ അത്‌ ശ്രദ്ധിച്ചു മനസ്സിലാക്കുവാനും വേണ്ടി.

13 . കാഹളത്തില്‍ ഒരു ഊത്ത്‌ ഊതപ്പെട്ടാല്‍,

14 . ഭൂമിയും പര്‍വ്വതങ്ങളും പൊക്കിയെടുക്കപ്പെടുകയും എന്നിട്ട്‌ അവ രണ്ടും ഒരു ഇടിച്ചു തകര്‍ക്കലിന്‌ വിധേയമാക്കപ്പെടുകയും ചെയ്താല്‍!

15 . അന്നേ ദിവസം ആ സംഭവം സംഭവിക്കുകയായി.

16 . ആകാശം പൊട്ടിപ്പിളരുകയും ചെയ്യും. അന്ന്‌ അത്‌ ദുര്‍ബലമായിരിക്കും.

17 . മലക്കുകള്‍ അതിന്‍റെ നാനാഭാഗങ്ങളിലുമുണ്ടായിരിക്കും. നിന്‍റെ രക്ഷിതാവിന്‍റെ സിംഹാസനത്തെ അവരുടെ മീതെ അന്നു എട്ടുകൂട്ടര്‍ വഹിക്കുന്നതാണ്‌.

18 . അന്നേ ദിവസം നിങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നതാണ്‌. യാതൊരു മറഞ്ഞകാര്യവും നിങ്ങളില്‍ നിന്ന്‌ മറഞ്ഞു പോകുന്നതകല്ല.

19 . എന്നാല്‍ വലതുകൈയില്‍ തന്‍റെ രേഖ നല്‍കപ്പെട്ടവന്‍ പറയും: ഇതാ എന്‍റെ ഗ്രന്ഥം വായിച്ചുനോക്കൂ.

20 . തീര്‍ച്ചയായും ഞാന്‍ വിചാരിച്ചിരുന്നു. ഞാന്‍ എന്‍റെ വിചാരണയെ നേരിടേണ്ടി വരുമെന്ന്‌.

21 . അതിനാല്‍ അവന്‍ തൃപ്തികരമായ ജീവിതത്തിലാകുന്നു.

22 . ഉന്നതമായ സ്വര്‍ഗത്തില്‍.

23 . അവയിലെ പഴങ്ങള്‍ അടുത്തു വരുന്നവയാകുന്നു.

24 . കഴിഞ്ഞുപോയ ദിവസങ്ങളില്‍ നിങ്ങള്‍ മുന്‍കൂട്ടി ചെയ്തതിന്‍റെ ഫലമായി നിങ്ങള്‍ ആനന്ദത്തോടെ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക. ( എന്ന്‌ അവരോട്‌ പറയപ്പെടും. )

25 . എന്നാല്‍ ഇടതു കയ്യില്‍ ഗ്രന്ഥം നല്‍കപ്പെട്ടവനാകട്ടെ ഇപ്രകാരം പറയുന്നതാണ്‌. ഹാ! എന്‍റെ ഗ്രന്ഥം എനിക്ക്‌ നല്‍കപ്പെടാതിരുന്നെങ്കില്‍,

26 . എന്‍റെ വിചാരണ എന്താണെന്ന്‌ ഞാന്‍ അറിയാതിരുന്നെങ്കില്‍ ( എത്ര നന്നായിരുന്നു. )

27 . അത്‌ ( മരണം ) എല്ലാം അവസാനിപ്പിക്കുന്നതായിരുന്നെങ്കില്‍ ( എത്ര നന്നായിരുന്നു! )

28 . എന്‍റെ ധനം എനിക്ക്‌ പ്രയോജനപ്പെട്ടില്ല.

29 . എന്‍റെ അധികാരം എന്നില്‍ നിന്ന്‌ നഷ്ടപ്പെട്ടുപോയി.

30 . ( അപ്പോള്‍ ഇപ്രകാരം കല്‍പനയുണ്ടാകും: ) നിങ്ങള്‍ അവനെ പിടിച്ച്‌ ബന്ധനത്തിലിടൂ.

31 . പിന്നെ അവനെ നിങ്ങള്‍ ജ്വലിക്കുന്ന നരകത്തില്‍ പ്രവേശിപ്പിക്കൂ.

32 . പിന്നെ, എഴുപത്‌ മുഴം നീളമുള്ള ഒരു ചങ്ങലയില്‍ അവനെ നിങ്ങള്‍ പ്രവേശിപ്പിക്കൂ.

33 . തീര്‍ച്ചയായും അവന്‍ മഹാനായ അല്ലാഹുവില്‍ വിശ്വസിച്ചിരുന്നില്ല.

34 . സാധുവിന്‌ ഭക്ഷണം കൊടുക്കുവാന്‍ അവന്‍ പ്രോത്സാഹിപ്പിച്ചിരുന്നുമില്ല.

35 . അതിനാല്‍ ഇന്ന്‌ ഇവിടെ അവന്ന്‌ ഒരു ഉറ്റബന്ധുവുമില്ല.

36 . ദുര്‍നീരുകള്‍ ഒലിച്ചു കൂടിയതില്‍ നിന്നല്ലാതെ മറ്റു ആഹാരവുമില്ല.

37 . തെറ്റുകാരല്ലാതെ അതു ഭക്ഷിക്കുകയില്ല.

38 . എന്നാല്‍ നിങ്ങള്‍ കാണുന്നവയെക്കൊണ്ട്‌ ഞാന്‍ സത്യം ചെയ്ത്‌ പറയുന്നു:

39 . നിങ്ങള്‍ കാണാത്തവയെക്കൊണ്ടും

40 . തീര്‍ച്ചയായും ഇത്‌ മാന്യനായ ഒരു ദൂതന്‍റെ വാക്കു തന്നെയാകുന്നു.

41 . ഇതൊരു കവിയുടെ വാക്കല്ല. വളരെ കുറച്ചേ നിങ്ങള്‍ വിശ്വസിക്കുന്നുള്ളൂ.

42 . ഒരു ജ്യോത്സ്യന്‍റെ വാക്കുമല്ല. വളരെക്കുറച്ചേ നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കുന്നുള്ളൂ.

43 . ഇത്‌ ലോകരക്ഷിതാവിങ്കല്‍ നിന്ന്‌ അവതരിപ്പിക്കപ്പെട്ടതാകുന്നു.

44 . നമ്മുടെ പേരില്‍ അദ്ദേഹം ( പ്രവാചകന്‍ ) വല്ല വാക്കും കെട്ടിച്ചമച്ചു പറഞ്ഞിരുന്നെങ്കില്‍

45 . അദ്ദേഹത്തെ നാം വലതുകൈ കൊണ്ട്‌ പിടികൂടുകയും,

46 . എന്നിട്ട്‌ അദ്ദേഹത്തിന്‍റെ ജീവനാഡി നാം മുറിച്ചുകളയുകയും ചെയ്യുമായിരുന്നു.

47 . അപ്പോള്‍ നിങ്ങളില്‍ ആര്‍ക്കും അദ്ദേഹത്തില്‍ നിന്ന്‌ ( ശിക്ഷയെ ) തടയാനാവില്ല.

48 . തീര്‍ച്ചയായും ഇത്‌ ( ഖുര്‍ആന്‍ ) ഭയഭക്തിയുള്ളവര്‍ക്ക്‌ ഒരു ഉല്‍ബോധനമാകുന്നു.

49 . തീര്‍ച്ചയായും നിങ്ങളുടെ കൂട്ടത്തില്‍ ( ഇതിനെ ) നിഷേധിച്ചു തള്ളുന്നവരുണ്ടെന്ന്‌ നമുക്കറിയാം.

50 . തീര്‍ച്ചയായും ഇത്‌ സത്യനിഷേധികള്‍ക്ക്‌ ഖേദത്തിന്‌ കാരണവുമാകുന്നു.

51 . തീര്‍ച്ചയായും ഇത്‌ ദൃഢമായ യാഥാര്‍ത്ഥ്യമാകുന്നു.

52 . അതിനാല്‍ നീ നിന്‍റെ മഹാനായ രക്ഷിതാവിന്‍റെ നാമത്തെ പ്രകീര്‍ത്തിക്കുക.