;

1 . സംഭവിക്കാനിരിക്കുന്ന ഒരു ശിക്ഷയെ ഒരു ചോദ്യകര്‍ത്താവ്‌ അതാ ആവശ്യപ്പെട്ടിരിക്കുന്നു.

2 . സത്യനിഷേധികള്‍ക്ക്‌ അത്‌ തടുക്കുവാന്‍ ആരുമില്ല.

3 . കയറിപ്പോകുന്ന വഴികളുടെ അധിപനായ അല്ലാഹുവിങ്കല്‍ നിന്ന്‌ വരുന്ന (ശിക്ഷയെ).

4 . അമ്പതിനായിരം കൊല്ലത്തിന്‍റെ അളവുള്ളതായ ഒരു ദിവസത്തില്‍ മലക്കുകളും ആത്മാവും അവങ്കലേക്ക്‌ കയറിപ്പോകുന്നു.

5 . എന്നാല്‍ (നബിയേ,) നീ ഭംഗിയായ ക്ഷമ കൈക്കൊള്ളുക.

6 . തീര്‍ച്ചയായും അവര്‍ അതിനെ വിദൂരമായി കാണുന്നു.

7 . നാം അതിനെ അടുത്തതായും കാണുന്നു.

8 . ആകാശം ഉരുകിയ ലോഹം പോലെ ആകുന്ന ദിവസം!

9 . പര്‍വ്വതങ്ങള്‍ കടഞ്ഞരോമം പോലെയും.

10 . ഒരുറ്റ ബന്ധുവും മറ്റൊരു ഉറ്റബന്ധുവിനോട്‌ (അന്ന്‌) യാതൊന്നും ചോദിക്കുകയില്ല.

11 . അവര്‍ക്ക്‌ അന്യോന്യം കാണിക്കപ്പെടും. തന്‍റെ മക്കളെ പ്രായശ്ചിത്തമായി നല്‍കി കൊണ്ട്‌ ആ ദിവസത്തെ ശിക്ഷയില്‍ നിന്ന്‌ മോചനം നേടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന്‌ കുറ്റവാളി ആഗ്രഹിക്കും.

12 . തന്‍റെ ഭാര്യയെയും സഹോദരനെയും

13 . തനിക്ക്‌ അഭയം നല്‍കിയിരുന്ന തന്‍റെ ബന്ധുക്കളെയും

14 . ഭൂമിയിലുള്ള മുഴുവന്‍ ആളുകളെയും. എന്നിട്ട്‌ അതവനെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നെങ്കില്‍ എന്ന്‌

15 . സംശയം വേണ്ട, തീര്‍ച്ചയായും അത്‌ ആളിക്കത്തുന്ന നരകമാകുന്നു.

16 . തലയുടെ തൊലിയുരിച്ചു കളയുന്ന നരകാഗ്നി.

17 . പിന്നോക്കം മാറുകയും, തിരിഞ്ഞുകളയുകയും ചെയ്തവരെ അത്‌ ക്ഷണിക്കും.

18 . ശേഖരിച്ചു സൂക്ഷിച്ചു വെച്ചവരെയും.

19 . തീര്‍ച്ചയായും മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌ അങ്ങേ അറ്റം അക്ഷമനായിക്കൊണ്ടാണ്‌.

20 . അതായത്‌ തിന്‍മ ബാധിച്ചാല്‍ പൊറുതികേട്‌ കാണിക്കുന്നവനായി കൊണ്ടും,

21 . നന്‍മ കൈവന്നാല്‍ തടഞ്ഞു വെക്കുന്നവനായികൊണ്ടും.

22 . നമസ്കരിക്കുന്നവരൊഴികെ -

23 . അതായത്‌ തങ്ങളുടെ നമസ്കാരത്തില്‍ സ്ഥിരമായി നിഷ്ഠയുള്ളവര്‍

24 . തങ്ങളുടെ സ്വത്തുക്കളില്‍ നിര്‍ണിതമായ അവകാശം നല്‍കുന്നവരും,

25 . ചോദിച്ചു വരുന്നവന്നും ഉപജീവനം തടയപ്പെട്ടവന്നും

26 . പ്രതിഫലദിനത്തില്‍ വിശ്വസിക്കുന്നവരും,

27 . തങ്ങളുടെ രക്ഷിതാവിന്‍റെ ശിക്ഷയെപറ്റി ഭയമുള്ളവരുമൊഴികെ.

28 . തീര്‍ച്ചയായും അവരുടെ രക്ഷിതാവിന്‍റെ ശിക്ഷ (വരികയില്ലെന്ന്‌) സമാധാനപ്പെടാന്‍ പറ്റാത്തതാകുന്നു.

29 . തങ്ങളുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരും (ഒഴികെ)

30 . തങ്ങളുടെ ഭാര്യമാരുടെയോ, വലം കൈകള്‍ ഉടമപ്പെടുത്തിയവരുടെയോ കാര്യത്തിലൊഴികെ. തീര്‍ച്ചയായും അവര്‍ ആക്ഷേപമുക്തരാകുന്നു.

31 . എന്നാല്‍ അതിലപ്പുറം ആരെങ്കിലും ആഗ്രഹിക്കുന്ന പക്ഷം അത്തരക്കാര്‍ തന്നെയാകുന്നു അതിരുകവിയുന്നവര്‍.

32 . തങ്ങളെ വിശ്വസിച്ചേല്‍പിച്ച കാര്യങ്ങളും തങ്ങളുടെ ഉടമ്പടികളും പാലിച്ചു പോരുന്നവരും,

33 . തങ്ങളുടെ സാക്ഷ്യങ്ങള്‍ മുറപ്രകാരം നിര്‍വഹിക്കുന്നവരും,

34 . തങ്ങളുടെ നമസ്കാരങ്ങള്‍ നിഷ്ഠയോടെ നിര്‍വഹിക്കുന്നവരും (ഒഴികെ).

35 . അത്തരക്കാര്‍ സ്വര്‍ഗത്തോപ്പുകളില്‍ ആദരിക്കപ്പെടുന്നവരാകുന്നു.

36 . അപ്പോള്‍ സത്യനിഷേധികള്‍ക്കെന്തു പറ്റി! അവര്‍ നിന്‍റെ നേരെ കഴുത്തു നീട്ടി വന്നിട്ട്‌

37 . വലത്തോട്ടും ഇടത്തോട്ടും കൂട്ടങ്ങളായി ചിതറിപോകുന്നു.

38 . സുഖാനുഭൂതിയുടെ സ്വര്‍ഗത്തില്‍ താന്‍ പ്രവേശിപ്പിക്കപ്പെടണമെന്ന്‌ അവരില്‍ ഓരോ മനുഷ്യനും മോഹിക്കുന്നുണ്ടോ?

39 . അതു വേണ്ട. തീര്‍ച്ചയായും അവര്‍ക്കറിയാവുന്നതില്‍ നിന്നാണ്‌ അവരെ നാം സൃഷ്ടിച്ചിട്ടുള്ളത്‌

40 . എന്നാല്‍ ഉദയസ്ഥാനങ്ങളുടെയും അസ്തമയസ്ഥാനങ്ങളുടെയും രക്ഷിതാവിന്‍റെ പേരില്‍ ഞാന്‍ സത്യം ചെയ്തു പറയുന്നു: തീര്‍ച്ചയായും നാം കഴിവുള്ളനാണെന്ന്‌.

41 . അവരെക്കാള്‍ നല്ലവരെ പകരം കൊണ്ടു വരാന്‍. നാം തോല്‍പിക്കപ്പെടുന്നവനല്ല താനും.

42 . ആകയാല്‍ അവര്‍ക്ക്‌ താക്കീത്‌ നല്‍കപ്പെടുന്ന അവരുടെ ആ ദിവസത്തെ അവര്‍ കണ്ടുമുട്ടുന്നത്‌ വരെ അവര്‍ തോന്നിവാസത്തില്‍ മുഴുകുകയും കളിച്ചു കൊണ്ടിരിക്കുകയും ചെയ്യാന്‍ നീ അവരെ വിട്ടേക്കുക.

43 . അതായത്‌ അവര്‍ ഒരു നാട്ടക്കുറിയുടെ നേരെ ധൃതിപ്പെട്ട്‌ പോകുന്നത്‌ പോലെ ഖബ്‌റുകളില്‍ നിന്ന്‌ പുറപ്പെട്ടു പോകുന്ന ദിവസം.

44 . അവരുടെ കണ്ണുകള്‍ കീഴ്പോട്ട്‌ താണിരിക്കും. അപമാനം അവരെ ആവരണം ചെയ്തിരിക്കും. അതാണ്‌ അവര്‍ക്ക്‌ താക്കീത്‌ നല്‍കപ്പെട്ടിരുന്ന ദിവസം.