;

1 . തുടരെത്തുടരെ അയക്കപ്പെടുന്നവയും,

2 . ശക്തിയായി ആഞ്ഞടിക്കുന്നവയും,

3 . പരക്കെ വ്യാപിപ്പിക്കുന്നവയും,

4 . വേര്‍തിരിച്ചു വിവേചനം ചെയ്യുന്നവയും,

5 . ദിവ്യസന്ദേശം ഇട്ടുകൊടുക്കുന്നവയുമായിട്ടുള്ളവയെ തന്നെയാകുന്നു സത്യം;

6 . ഒരു ഒഴികഴിവായികൊണ്ടോ താക്കീതായിക്കൊണ്ടോ

7 . തീര്‍ച്ചയായും നിങ്ങളോട്‌ താക്കീത്‌ ചെയ്യപ്പെടുന്ന കാര്യം സംഭവിക്കുന്നതു തന്നെയാകുന്നു.

8 . നക്ഷത്രങ്ങളുടെ പ്രകാശം മായ്ക്കപ്പെടുകയും,

9 . ആകാശം പിളര്‍ത്തപ്പെടുകയും,

10 . പര്‍വ്വതങ്ങള്‍ പൊടിക്കപ്പെടുകയും,

11 . ദൂതന്‍മാര്‍ക്ക്‌ സമയം നിര്‍ണയിച്ചു കൊടുക്കപ്പെടുകയും ചെയ്താല്‍!

12 . ഏതൊരു ദിവസത്തേക്കാണ്‌ അവര്‍ക്ക്‌ അവധി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്‌?

13 . തീരുമാനത്തിന്‍റെ ദിവസത്തേക്ക്‌!

14 . ആ തീരുമാനത്തിന്‍റെ ദിവസം എന്താണെന്ന്‌ നിനക്കറിയുമോ?

15 . അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.

16 . പൂര്‍വ്വികന്‍മാരെ നാം നശിപ്പിച്ചു കളഞ്ഞില്ലേ?

17 . പിന്നീട്‌ പിന്‍ഗാമികളെയും അവരുടെ പിന്നാലെ നാം അയക്കുന്നതാണ്‌.

18 . അപ്രകാരമാണ്‌ നാം കുറ്റവാളികളെക്കൊണ്ട്‌ പ്രവര്‍ത്തിക്കുക.

19 . അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കായിരിക്കും നാശം.

20 . നിസ്സാരപ്പെട്ട ഒരു ദ്രാവകത്തില്‍ നിന്ന്‌ നിങ്ങളെ നാം സൃഷ്ടിച്ചില്ലേ?

21 . എന്നിട്ട്‌ നാം അതിനെ ഭദ്രമായ ഒരു സങ്കേതത്തില്‍ വെച്ചു.

22 . നിശ്ചിതമായ ഒരു അവധി വരെ.

23 . അങ്ങനെ നാം ( എല്ലാം ) നിര്‍ണയിച്ചു. അപ്പോള്‍ നാം എത്ര നല്ല നിര്‍ണയക്കാരന്‍!

24 . അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.

25 . ഭൂമിയെ നാം ഉള്‍കൊള്ളുന്നതാക്കിയില്ലേ?

26 . മരിച്ചവരെയും ജീവിച്ചിരിക്കുന്നവരെയും.

27 . അതില്‍ ഉന്നതങ്ങളായി ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങളെ നാം വെക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ക്കു നാം സ്വച്ഛജലം കുടിക്കാന്‍ തരികയും ചെയ്തിരിക്കുന്നു.

28 . അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.

29 . ( ഹേ, സത്യനിഷേധികളേ, ) എന്തൊന്നിനെയായിരുന്നോ നിങ്ങള്‍ നിഷേധിച്ചു തള്ളിയിരുന്നത്‌ അതിലേക്ക്‌ നിങ്ങള്‍ പോയി ക്കൊള്ളുക.

30 . മൂന്ന്‌ ശാഖകളുള്ള ഒരു തരം തണലിലേക്ക്‌ നിങ്ങള്‍ പോയിക്കൊള്ളുക.

31 . അത്‌ തണല്‍ നല്‍കുന്നതല്ല. തീജ്വാലയില്‍ നിന്ന്‌ സംരക്ഷണം നല്‍കുന്നതുമല്ല.

32 . തീര്‍ച്ചയായും അത്‌ ( നരകം ) വലിയ കെട്ടിടം പോലെ ഉയരമുള്ള തീപ്പൊരി തെറിപ്പിച്ചു കൊണ്ടിരിക്കും.

33 . അത്‌ ( തീപ്പൊരി ) മഞ്ഞനിറമുള്ള ഒട്ടക കൂട്ടങ്ങളെപ്പോലെയായിരിക്കും.

34 . അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.

35 . അവര്‍ മിണ്ടാത്തതായ ദിവസമാകുന്നു ഇത്‌.

36 . അവര്‍ക്ക്‌ ഒഴികഴിവു ബോധിപ്പിക്കാന്‍ അനുവാദം നല്‍കപ്പെടുകയുമില്ല.

37 . അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.

38 . ( അന്നവരോട്‌ പറയപ്പെടും: ) തീരുമാനത്തിന്‍റെ ദിവസമാണിത്‌. നിങ്ങളെയും പൂര്‍വ്വികന്‍മാരെയും നാം ഇതാ ഒരുമിച്ചുകൂട്ടിയിരിക്കുന്നു.

39 . ഇനി നിങ്ങള്‍ക്ക്‌ വല്ല തന്ത്രവും പ്രയോഗിക്കാനുണ്ടെങ്കില്‍ ആ തന്ത്രം പ്രയോഗിച്ചു കൊള്ളുക.

40 . അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.

41 . തീര്‍ച്ചയായും സൂക്ഷ്മത പാലിച്ചവര്‍ ( സ്വര്‍ഗത്തില്‍ ) തണലുകളിലും അരുവികള്‍ക്കിടയിലുമാകുന്നു.

42 . അവര്‍ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പഴവര്‍ഗങ്ങള്‍ക്കിടയിലും.

43 . ( അവരോട്‌ പറയപ്പെടും: ) നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്‍റെ ഫലമായി ആഹ്ലാദത്തോടെ നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക.

44 . തീര്‍ച്ചയായും നാം അപ്രകാരമാകുന്നു സദ്‌വൃത്തര്‍ക്ക്‌ പ്രതിഫലം നല്‍കുന്നത്‌.

45 . അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.

46 . ( അവരോട്‌ പറയപ്പെടും: ) നിങ്ങള്‍ അല്‍പം തിന്നുകയും സുഖമനുഭവിക്കുകയും ചെയ്തു കൊള്ളുക. തീര്‍ച്ചയായും നിങ്ങള്‍ കുറ്റവാളികളാകുന്നു.

47 . അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.

48 . അവരോട്‌ കുമ്പിടൂ എന്ന്‌ പറയപ്പെട്ടാല്‍ അവര്‍ കുമ്പിടുകയില്ല.

49 . അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.

50 . ഇനി ഇതിന്‌ ( ഖുര്‍ആന്ന്‌ ) ശേഷം ഏതൊരു വര്‍ത്തമാനത്തിലാണ്‌ അവര്‍ വിശ്വസിക്കുന്നത്‌?