;

1 . അദ്ദേഹം മുഖം ചുളിച്ചു തിരിഞ്ഞുകളഞ്ഞു.

2 . അദ്ദേഹത്തിന്‍റെ ( നബിയുടെ ) അടുത്ത്‌ ആ അന്ധന്‍ വന്നതിനാല്‍.

3 . ( നബിയേ, ) നിനക്ക്‌ എന്തറിയാം? അയാള്‍ ( അന്ധന്‍ ) ഒരു വേള പരിശുദ്ധി പ്രാപിച്ചേക്കാമല്ലോ?

4 . അല്ലെങ്കില്‍ ഉപദേശം സ്വീകരിക്കുകയും, ആ ഉപദേശം അയാള്‍ക്ക്‌ പ്രയോജനപ്പെടുകയും ചെയ്തേക്കാമല്ലോ.

5 . എന്നാല്‍ സ്വയം പര്യാപ്തത നടിച്ചവനാകട്ടെ

6 . നീ അവന്‍റെ നേരെ ശ്രദ്ധതിരിക്കുന്നു.

7 . അവന്‍ പരിശുദ്ധി പ്രാപിക്കാതിരിക്കുന്നതിനാല്‍ നിനക്കെന്താണ്‌ കുറ്റം?

8 . എന്നാല്‍ നിന്‍റെ അടുക്കല്‍ ഓടിവന്നവനാകട്ടെ,

9 . ( അല്ലാഹുവെ ) അവന്‍ ഭയപ്പെടുന്നവനായിക്കൊണ്ട്‌

10 . അവന്‍റെ കാര്യത്തില്‍ നീ അശ്രദ്ധകാണിക്കുന്നു.

11 . നിസ്സംശയം ഇത്‌ ( ഖുര്‍ആന്‍ ) ഒരു ഉല്‍ബോധനമാകുന്നു; തീര്‍ച്ച.

12 . അതിനാല്‍ ആര്‍ ഉദ്ദേശിക്കുന്നുവോ അവനത്‌ ഓര്‍മിച്ച്‌ കൊള്ളട്ടെ.

13 . ആദരണീയമായ ചില ഏടുകളിലാണത്‌.

14 . ഔന്നത്യം നല്‍കപ്പെട്ടതും പരിശുദ്ധമാക്കപ്പെട്ടതുമായ (ഏടുകളില്‍)

15 . ചില സന്ദേശവാഹകരുടെ കൈകളിലാണത്‌.

16 . മാന്യന്‍മാരും പുണ്യവാന്‍മാരും ആയിട്ടുള്ളവരുടെ.

17 . മനുഷ്യന്‍ നാശമടയട്ടെ. എന്താണവന്‍ ഇത്ര നന്ദികെട്ടവനാകാന്‍?

18 . ഏതൊരു വസ്തുവില്‍ നിന്നാണ്‌ അല്ലാഹു അവനെ സൃഷ്ടിച്ചത്‌?

19 . ഒരു ബീജത്തില്‍ നിന്ന്‌ അവനെ സൃഷ്ടിക്കുകയും, എന്നിട്ട്‌ അവനെ ( അവന്‍റെ കാര്യം ) വ്യവസ്ഥപ്പെടുത്തുകയും ചെയ്തു.

20 . പിന്നീട്‌ അവന്‍ മാര്‍ഗം എളുപ്പമാക്കുകയും ചെയ്തു.

21 . അനന്തരം അവനെ മരിപ്പിക്കുകയും, ഖബ്‌റില്‍ മറയ്ക്കുകയും ചെയ്തു.

22 . പിന്നീട്‌ അവന്‍ ഉദ്ദേശിക്കുമ്പോള്‍ അവനെ ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നതാണ്‌.

23 . നിസ്സംശയം, അവനോട്‌ അല്ലാഹു കല്‍പിച്ചത്‌ അവന്‍ നിര്‍വഹിച്ചില്ല.

24 . എന്നാല്‍ മനുഷ്യന്‍ തന്‍റെ ഭക്ഷണത്തെപ്പറ്റി ഒന്നു ചിന്തിച്ച്‌ നോക്കട്ടെ.

25 . നാം ശക്തിയായി മഴ വെള്ളം ചൊരിഞ്ഞുകൊടുത്തു.

26 . പിന്നീട്‌ നാം ഭൂമിയെ ഒരു തരത്തില്‍ പിളര്‍ത്തി,

27 . എന്നിട്ട്‌ അതില്‍ നാം ധാന്യം മുളപ്പിച്ചു.

28 . മുന്തിരിയും പച്ചക്കറികളും

29 . ഒലീവും ഈന്തപ്പനയും

30 . ഇടതൂര്‍ന്നു നില്‍ക്കുന്ന തോട്ടങ്ങളും.

31 . പഴവര്‍ഗവും പുല്ലും.

32 . നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്‌.

33 . എന്നാല്‍ ചെകിടടപ്പിക്കുന്ന ആ ശബ്ദം വന്നാല്‍.

34 . അതായത്‌ മനുഷ്യന്‍ തന്‍റെ സഹോദരനെ വിട്ട്‌ ഓടിപ്പോകുന്ന ദിവസം.

35 . തന്‍റെ മാതാവിനെയും പിതാവിനെയും.

36 . തന്‍റെ ഭാര്യയെയും മക്കളെയും.

37 . അവരില്‍പ്പെട്ട ഓരോ മനുഷ്യനും തനിക്ക്‌ മതിയാവുന്നത്ര (ചിന്താ) വിഷയം അന്ന്‌ ഉണ്ടായിരിക്കും.

38 . അന്ന്‌ ചില മുഖങ്ങള്‍ പ്രസന്നതയുള്ളവയായിരിക്കും

39 . ചിരിക്കുന്നവയും സന്തോഷം കൊള്ളുന്നവയും.

40 . വെറെ ചില മുഖങ്ങളാകട്ടെ അന്ന്‌ പൊടി പുരണ്ടിരിക്കും.

41 . അവയെ കൂരിരുട്ട്‌ മൂടിയിരിക്കും.

42 . അക്കൂട്ടരാകുന്നു അവിശ്വാസികളും അധര്‍മ്മകാരികളുമായിട്ടുള്ളവര്‍.