;

1 . സൂര്യന്‍ ചുറ്റിപ്പൊതിയപ്പെടുമ്പോള്‍,

2 . നക്ഷത്രങ്ങള്‍ ഉതിര്‍ന്നു വീഴുമ്പോള്‍,

3 . പര്‍വ്വതങ്ങള്‍ സഞ്ചരിപ്പിക്കപ്പെടുമ്പോള്‍,

4 . പൂര്‍ണ്ണഗര്‍ഭിണികളായ ഒട്ടകങ്ങള്‍ അവഗണിക്കപ്പെടുമ്പോള്‍,

5 . വന്യമൃഗങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമ്പോള്‍,

6 . സമുദ്രങ്ങള്‍ ആളിക്കത്തിക്കപ്പെടുമ്പോള്‍,

7 . ആത്മാവുകള്‍ കൂട്ടിയിണക്കപ്പെടുമ്പോള്‍,

8 . ( ജീവനോടെ ) കുഴിച്ചു മൂടപ്പെട്ട പെണ്‍കുട്ടിയോടു ചോദിക്കപ്പെടുമ്പോള്‍,

9 . താന്‍ എന്തൊരു കുറ്റത്തിനാണ്‌ കൊല്ലപ്പെട്ടത്‌ എന്ന്‌.

10 . ( കര്‍മ്മങ്ങള്‍ രേഖപ്പെടുത്തിയ ) ഏടുകള്‍ തുറന്നുവെക്കപ്പെടുമ്പോള്‍.

11 . ഉപരിലോകം മറ നീക്കികാണിക്കപ്പെടുമ്പോള്‍

12 . ജ്വലിക്കുന്ന നരകാഗ്നി ആളിക്കത്തിക്കപ്പെടുമ്പോള്‍.

13 . സ്വര്‍ഗം അടുത്തു കൊണ്ടുവരപ്പെടുമ്പോള്‍.

14 . ഓരോ വ്യക്തിയും താന്‍ തയ്യാറാക്കിക്കൊണ്ടു വന്നിട്ടുള്ളത്‌ എന്തെന്ന്‌ അറിയുന്നതാണ്‌.

15 . പിന്‍വാങ്ങിപ്പോകുന്നവയെ ( നക്ഷത്രങ്ങളെ ) ക്കൊണ്ട്‌ ഞാന്‍ സത്യം ചെയ്തു പറയുന്നു.

16 . സഞ്ചരിച്ചുകൊണ്ടിരിക്കുന്നവയും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നവയും

17 . രാത്രി നീങ്ങുമ്പോള്‍ അതു കൊണ്ടും,

18 . പ്രഭാതം വിടര്‍ന്ന്‌ വരുമ്പോള്‍ അതു കൊണ്ടും ( ഞാന്‍ സത്യം ചെയ്തു പറയുന്നു. )

19 . തീര്‍ച്ചയായും ഇത്‌ ( ഖുര്‍ആന്‍ ) മാന്യനായ ഒരു ദൂതന്‍റെ വാക്കാകുന്നു.

20 . ശക്തിയുള്ളവനും, സിംഹാസനസ്ഥനായ അല്ലാഹുവിങ്കല്‍ സ്ഥാനമുള്ളവനുമായ ( ദൂതന്‍റെ )

21 . അവിടെ അനുസരിക്കപ്പെടുന്നവനും വിശ്വസ്തനുമായ ( ദൂതന്‍റെ )

22 . നിങ്ങളുടെ കൂട്ടുകാരന്‍ ( പ്രവാചകന്‍ ) ഒരു ഭ്രാന്തനല്ല തന്നെ,

23 . തീര്‍ച്ചയായും അദ്ദേഹത്തെ ( ജിബ്‌രീല്‍ എന്ന ദൂതനെ ) പ്രത്യക്ഷമായ മണ്ഡലത്തില്‍ വെച്ച്‌ അദ്ദേഹം കണ്ടിട്ടുണ്ട്‌.

24 . അദ്ദേഹം അദൃശ്യവാര്‍ത്തയുടെ കാര്യത്തില്‍ പിശുക്ക്‌ കാണിക്കുന്നവനുമല്ല.

25 . ഇത്‌ ( ഖുര്‍ആന്‍ ) ശപിക്കപ്പെട്ട ഒരു പിശാചിന്‍റെ വാക്കുമല്ല.

26 . അപ്പോള്‍ എങ്ങോട്ടാണ്‌ നിങ്ങള്‍ പോകുന്നത്‌?

27 . ഇത്‌ ലോകര്‍ക്ക്‌ വേണ്ടിയുള്ള ഒരു ഉല്‍ബോധനമല്ലാതെ മറ്റൊന്നുമല്ല.

28 . അതായത്‌ നിങ്ങളുടെ കൂട്ടത്തില്‍ നിന്ന്‌ നേരെ നിലകൊള്ളാന്‍ ഉദ്ദേശിച്ചവര്‍ക്ക്‌ വേണ്ടി.

29 . ലോകരക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല.