;

1 . ( നബിയേ, ) ആ മൂടുന്ന സംഭവത്തെ സംബന്ധിച്ച വര്‍ത്തമാനം നിനക്ക്‌ വന്നുകിട്ടിയോ?

2 . അന്നേ ദിവസം ചില മുഖങ്ങള്‍ താഴ്മകാണിക്കുന്നതും

3 . പണിയെടുത്ത്‌ ക്ഷീണിച്ചതുമായിരിക്കും.

4 . ചൂടേറിയ അഗ്നിയില്‍ അവ പ്രവേശിക്കുന്നതാണ്‌.

5 . ചുട്ടുതിളക്കുന്ന ഒരു ഉറവില്‍ നിന്ന്‌ അവര്‍ക്കു കുടിപ്പിക്കപ്പെടുന്നതാണ്‌.

6 . ളരീഇല്‍ നിന്നല്ലാതെ അവര്‍ക്ക്‌ യാതൊരു ആഹാരവുമില്ല.

7 . അത്‌ പോഷണം നല്‍കുകയില്ല. വിശപ്പിന്‌ ശമനമുണ്ടാക്കുകയുമില്ല.

8 . ചില മുഖങ്ങള്‍ അന്നു തുടുത്തു മിനുത്തതായിരിക്കും.

9 . അവയുടെ പ്രയത്നത്തെപ്പറ്റി തൃപ്തിയടഞ്ഞവയുമായിരിക്കും.

10 . ഉന്നതമായ സ്വര്‍ഗത്തില്‍.

11 . അവിടെ യാതൊരു നിരര്‍ത്ഥകമായ വാക്കും അവര്‍ കേള്‍ക്കുകയില്ല.

12 . അതില്‍ ഒഴുകി കൊണ്ടിരിക്കുന്ന അരുവിയുണ്ട്‌.

13 . അതില്‍ ഉയര്‍ത്തിവെക്കപ്പെട്ട കട്ടിലുകളും,

14 . തയ്യാറാക്കി വെക്കപ്പെട്ട കോപ്പകളും,

15 . അണിയായി വെക്കപ്പെട്ട തലയണകളും,

16 . വിരിച്ചുവെക്കപ്പെട്ട പരവതാനികളുമുണ്ട്‌.

17 . ഒട്ടകത്തിന്‍റെ നേര്‍ക്ക്‌ അവര്‍ നോക്കുന്നില്ലേ? അത്‌ എങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന്‌.

18 . ആകാശത്തേക്ക്‌ ( അവര്‍ നോക്കുന്നില്ലേ? ) അത്‌ എങ്ങനെ ഉയര്‍ത്തപ്പെട്ടിരിക്കുന്നു എന്ന്‌.

19 . പര്‍വ്വതങ്ങളിലേക്ക്‌ ( അവര്‍ നോക്കുന്നില്ലേ? ) അവ എങ്ങനെ നാട്ടിനിര്‍ത്തപ്പെട്ടിരിക്കുന്നു വെന്ന്‌.

20 . ഭൂമിയിലേക്ക്‌ ( അവര്‍ നോക്കുന്നില്ലേ? ) അത്‌ എങ്ങനെ പരത്തപ്പെട്ടിരിക്കുന്നുവെന്ന്‌

21 . അതിനാല്‍ ( നബിയേ, ) നീ ഉല്‍ബോധിപ്പിക്കുക. നീ ഒരു ഉല്‍ബോധകന്‍ മാത്രമാകുന്നു.

22 . നീ അവരുടെ മേല്‍ അധികാരം ചെലുത്തേണ്ടവനല്ല.

23 . പക്ഷെ, വല്ലവനും തിരിഞ്ഞുകളയുകയും, അവിശ്വസിക്കുകയും ചെയ്യുന്ന പക്ഷം

24 . അല്ലാഹു അവനെ ഏറ്റവും വലിയ ശിക്ഷ ശിക്ഷിക്കുന്നതാണ്‌.

25 . തീര്‍ച്ചയായും നമ്മുടെ അടുത്തേക്കാണ്‌ അവരുടെ മടക്കം.

26 . പിന്നീട്‌, തീര്‍ച്ചയായും നമ്മുടെ ബാധ്യതയാണ്‌ അവരുടെ വിചാരണ.